മോഹന്‍‌ലാലിന് എംജി ശ്രീകുമാറിനെ പേടി!സൂപ്പര്‍ താരം മോഹന്‍ ലാലും ഗായകന്‍ എംജി ശ്രീകുമാറും സ്കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്. പറഞ്ഞിട്ടെന്താ കാര്യം. സൂപ്പര്‍ ഗായകനെ തനിക്കിപ്പോള്‍ പേടിയാണെന്നാണ് ലാല്‍ പറയുന്നത്. സംഗതി വേറൊന്നുമല്ല. ശ്രീകുമാര്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നു. ആങ്കര്‍, ഗായകന്‍ എന്നീ രീതികളില്‍ ഇപ്പോള്‍ തന്നെ ടെലിവിഷന്‍ മേഖലയിലും സിനിമാ മേഖലയിലും പ്രശസ്തനാണ് ശ്രീകുമാര്‍. അപ്പോള്‍ പിന്നെ അഭിനയ രംഗത്തേക്കും കക്ഷി കടന്നാലോ?

“ഇങ്ങനെ പോയാല്‍ നാളെ ഇയാള്‍ സിനിമയിലും കേറിയങ്ങ് അഭിനയിക്കും. അതോടെ നമ്മുടെ കട്ടയും പടവും മടങ്ങും!” - ഇങ്ങനെ പേടി പ്രകടിപ്പിച്ചത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരവും ശ്രീകുമാറിന്റെ ദീര്‍‌ഘകാല സുഹൃത്തുമായ മോഹന്‍‌ലാല്‍ തന്നെയാണ്.

ചലച്ചിത്ര പിന്നണി ഗായകനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിനെ ആദരിക്കാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളത്തിന്‍റെ ശ്രീക്കുട്ടന്‍’ എന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ തന്‍റെ പേടി വെളിപ്പെടുത്തിയത്. എന്നാല്‍ ലാല്‍ പേടിക്കേണ്ടെന്നും തല്‍ക്കാലം സിനിമയിലേക്കൊന്നുമില്ലെന്നും പറഞ്ഞ് ശ്രീകുമാര്‍ ലാലിനെ സമാധാനിപ്പിച്ചു.

“സിനിമയിലേക്കില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും സിനിമയിലേക്കുണ്ട്. എന്നാലത് ക്യാമറയ്ക്ക് മുമ്പിലേക്കല്ല, പിന്നിലേക്കാണെന്ന് മാത്രം” - ശ്രീകുമാര്‍ നയം വ്യക്തമാക്കി.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്ന കാര്യം താന്‍ ഗൌരവമായി ആലോചിക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ വെളിപ്പെടുത്തി. പ്രിയദര്‍ശന്‍റെ കാഞ്ചീവരം പോലൊരു ചിത്രമാണ് ലാലിനെ നായകനാക്കി ഒരുക്കാന്‍ താന്‍ പ്ലാന്‍ ചെയ്യുന്നതെന്നും എം‌ജി വ്യക്തമാക്കി. സ്കൂള്‍ സുഹൃത്തുക്കളുടെ സംഗമമായി മാറിയ ചടങ്ങില്‍ പ്രിയദര്‍ശന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

“ഫ്ലൈറ്റ് വൈകിയതിനാലായിരുന്നു പ്രിയന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്” - പ്രിയന്‍ വരാതിരുന്നതിന്റെ വിശദീകരണം ശ്രീകുമാര്‍ തന്നെ നല്‍കി. ലാലിന്‍റെയും ശ്രീകുമാറിന്റെയും സ്കൂള്‍ സുഹൃത്തായ മണിയന്‍പിള്ള രാജു അടക്കമുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

source: webdunia.com

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments